Kerala2 min read

കൊടുംചൂടിലും കുളിരും തണുപ്പിക്കുന്ന കാറ്റും.. അറ്റമില്ലാത്ത കാഴ്ചകളിൽ പൊന്നാനിയിലെ തീരവും.. കാണാം കൊടികുത്തിമല

KodikuthimalaElizabath Joseph
കൊടികുത്തിമല വാച്ച്ടവറിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ച


വെറുതേയിരുന്ന ഒരു ദിവസം എവിടേക്കെങ്കിലും പോയാലോ എന്നൊരൊറ്റ ചോദ്യത്തിൽ സംഭവിച്ച യാത്രകളെക്കുറിച്ച് നമുക്കാർക്കും പ്രത്യേകിച്ച് പറഞ്ഞുതരേണ്ട ആവശ്യമൊന്നുമില്ല. ചായ കുടിക്കാൻ മൂന്നാറിന് പോകുന്നതും ഒരു ബിരിയാണി കഴിച്ചാലോ എന്ന ചോദ്യത്തിൽ ഡിണ്ടിഗലിലേക്ക് ലോങ് ട്രിപ്പ് പോകുന്നതുമൊക്കെ പലർക്കും ഒരു ഹരം തന്നെയാണ്. ഞങ്ങളുടെ കാര്യത്തിലാവട്ടെ, ഈ പോയാലോ എന്ന ചോദ്യത്തിന് Okay പറയുമ്പോഴും എങ്ങോട്ടുപോകും എന്നതിന് ഒരുത്തരമായിരുന്നില്ല. അങ്ങനെ റൂട്ട് നോക്കി മുന്നോട്ട് പോയപ്പോഴാണ് പലസ്ഥലങ്ങളെയും തഴഞ്ഞ് കൊടികുത്തിമല ലിസ്റ്റിൽ കയറിയത്.


കൊടികുത്തിമല എന്ന മലപ്പുറംകാരുടെ ഊട്ടിയെക്കുറിച്ച് മുഖവുരയുടെ ആവശ്യമൊന്നുമില്ലെങ്കിലും വായിച്ചറിഞ്ഞ, കോടമഞ്ഞും പ്രകൃതിഭംഗിയും വഴിയൊരുക്കുന്ന, അകലക്കാഴ്ചകൾകൊണ്ടും പച്ചപ്പുകൊണ്ടും ഉള്ളുകുളിർപ്പിക്കുന്ന ചിത്രം തന്നെ കൺമുന്നിലെത്തണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെ കോഴിക്കോടിന്‌റെ ഉച്ചച്ചൂടില് നിന്ന് രക്ഷപെട്ട് മലപ്പുറത്തിന്റെ കൊടികുത്തിമലയെത്തി. ചെന്നിറങ്ങുന്നത് വലിയൊരു കവാടത്തിന്റെ മുന്നിലേക്കാണ്. ടിക്കറ്റെടുക്കാനുള്ള നീണ്ട ക്യൂ കണ്ട് ഒന്നു പകച്ചെങ്കിലും പിന്നെ എല്ലാം എളുപ്പമായിരുന്നു, വെയിലൊഴികെ. വെയിലാറിയ നേരമായിരുന്നുവെങ്കിലും ഫെബ്രുവരിയുടെ ചൂടിൽ നിന്നും വലിയ രക്ഷയൊന്നും മുകളിലേക്കുള്ള നടത്തത്തിൽ കിട്ടിയില്ല,


മലപ്പുറത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമലElizabath Joseph
മലപ്പുറത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല


വായിച്ചറിഞ്ഞ കോടമഞ്ഞും കുളിരും പച്ചപ്പുമൊന്നും ആ പരിസരത്ത് പോലും കണ്ടില്ലെങ്കിലും നീണ്ടുകിടക്കുന്ന വഴികൾ ആവേശം തന്നെയായിരുന്നു. നടത്തമൊക്കെ ആദ്യം ഉഷാറായി പോയി. പിന്നെ വഴിയുടെ അറ്റം കാണാത്തതും എത്ര ദൂരം നടക്കണം എന്നൊന്നും ഒരു ധാരണയും ഇല്ലാത്തതുകൊണ്ടുതന്നെ വഴിയിലിരുന്ന്, ക്ഷീണം തീർത്ത് നടത്തം മെല്ലെയാക്കി. കാഴ്ചകള് കണ്ട് മലയിറങ്ങുന്നവരോട് ദൂരം ചോദിച്ചും പറഞ്ഞുമൊക്കെ നമ്മളും മുകളിലേക്ക് നടന്നു. സിമന്റ് പാകിയ പാതയാണ്. ഇരുവശങ്ങളിലുമായി റോഡ് മുഴുവൻ വൈദ്യുത തൂണുകളും നാട്ടിയിട്ടുണ്ട്. മൊത്തത്തില്‌ കയറ്റം നടക്കാൻ മടിയുള്ളവരെ ഒന്നുകൂടി മടിയന്മാരാക്കും. അതുകൊണ്ടുതന്നെ വഴിയിൽ പലയിടങ്ങളും ഇരിക്കാൻ കിടിലൻ സിമന്റ് ബഞ്ചുകളും രുക്കിയിട്ടുണ്ട്. പ്രധാന വഴിയിൽ നിന്നുമാറി പാറക്കെട്ടിനോട് ചേർന്ന് ഒന്നു രണ്ടിടങ്ങളിൽ ഇത്തരം ബെഞ്ചുകൾ കണ്ടെങ്കിലും വെയിലത്ത് ആരിരിക്കാനാണ് എമ്മ പുച്ഛിച്ച് ഞങ്ങൾ നടന്നും ഓടിയും ഒടുവിൽ വ്യൂ പോയിന്റിലേത്തി.


വാച്ച് ടവറിന്റെ താഴെയിരുന്ന് ക്ഷീണം ഒന്നു തീര്‍ത്ത ശേഷമാണ് കൊടികുത്തിമലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്ക് ഞങ്ങൾ എത്തുന്നത്. അപ്പോഴേയ്ക്കും വെയിലൊക്കെ ആറിത്തുടങ്ങിയിരുന്നു. കൃഷിയിടങ്ങളും വയലുകളും പച്ചപ്പും കാറ്റും ഒക്കെയായി അതിമനോഹരമായ കാഴ്ച. തെളിഞ്ഞ സമയമാണെങ്കിൽ അങ്ങുദൂരെ പൊന്നാനിത്തീരം വരെ കാണാമെന്നാണ് ഇവിടെ എഴുതിയിരിക്കുന്നത്. അങ്ങനെ ഇരുന്നിരുന്ന് രസംപിടിച്ചപ്പോൾ സൂര്യാസ്തമയം കൂടി കണ്ടിട്ട് ഇറങ്ങിയാലോ എന്ന് ആലോചിച്ചത്. അങ്ങനെ കടലിലേക്ക് താണിറങ്ങുന്ന സൂര്യനെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. കരുതിയതിലും വൈകിയാണ് ആശാൻ എത്തിയതെങ്കിലും ഒരു രക്ഷയുമില്ലാത്ത കാഴ്ച ന്നു നിസംശയം പറയാം.

വെയിലിന്റെ ആ വരവിൽ അവിടെ നിന്ന ഞങ്ങൾ പോലും സ്വർണ്ണനിറത്തിൽ മുങ്ങിപ്പോയി. ഫോട്ടെയെടുത്തും ചുറ്റമുള്ള ആളുകളെല്ലാം മനോഹരമായ ഈ കാഴ്ച ആസ്വദിച്ചു നിൽക്കുകയായിരുന്നു.


അങ്ങനെ ആ നില്പ് എത്രനേരം വേണമെങ്കിലും തുടരാൻ പറ്റുമായിരുന്നുവെങ്കിലും വൈകാതെ ഞങ്ങൾ മലയിറങ്ങിത്തുടങ്ങി. നടത്തം എളുപ്പമാക്കാൻ നേരേയുള്ള വഴിവിട്ട് പാറക്കെട്ടുകളിലൂടെ ചാടിയും ഓടിയുമൊക്കെയാണ് പോക്ക്. അങ്ങനെ അസ്തമയക്കാഴ്കളിലലിഞ്ഞ് നടന്നപ്പോഴാണ് നേരത്തെ പറഞ്ഞ പാറക്കെട്ടിലെ ബെഞ്ച് കാണുന്നത്. അസ്തമയം കാണാൻ ഇതിലും നല്ലൊരിടം അവിടെ വേറെയില്ല എന്നതിനാൽ മറ്റാരെങ്കിലും എത്തുന്നതിനു മുൻപേ അവിടെയും പോയി കുറച്ചിരുന്നാണ് നടത്തം തുടർന്നത്. തിരികെ പ്രവേശന കവാടത്തിലെത്തുമ്പോൾ നമ്മൾ മലയിറങ്ങി എന്നുറപ്പു വരുത്തുവാൻ കൊണ്ടുപോയ ടിക്കറ്റ് കാണിച്ച് വേണം മടങ്ങുവാൻ.



കൊടികുത്തിമല

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കൊടികുത്തിമല വെട്ടത്തൂര്‍, താഴെക്കോട് എന്ന പ്രദേശങ്ങളുടെ ഭാഗമാണ്. 1921 ൽ നടന്ന മലബാർ സർവേയിൽ സിഗ്നൽ കേന്ദ്രമായിരുന്ന ഇവിടം പ്രദേശത്തെ ഏറ്റവും ഉയർന്ന ഇടമായി കണ്ടെത്തുകയും അതിന്റെ ഭാഗമായി കൊടി നാട്ടുകയും ചെയ്തു. കൊടി നാട്ടിയ അഥവാ കൊടി കുത്തിയ ഇടം എന്ന നിലയിലാണ് കൊടികുത്തിമല എന്ന പേര് വന്നത്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. . മലപ്പുറത്തു നിന്നു 32 കിലോ മീറ്ററും പെരിന്തൽമണ്ണയിൽ നിന്ന് 09 കിലോ മീറ്ററും ദൂരമുണ്ട്. കോഴിക്കോട് നിന്ന് 80 കിലോമീറ്ററാണ് കൊടികുത്തിമലയിലേക്കുള്ള യാത്രാ ദൂരം.

FAQs

Related Articles

Vishu Special Trains 2026Remon Geo/ Unsplash

Kerala

വിഷു സ്പെഷ്യൽ ട്രെയിനുകൾ 2026: സമയവും സ്റ്റോപ്പുകളും

വിഷു പ്രമാണിച്ച് ചെന്നൈ എഗ്‌മൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു.

Ernakulam-SMVT Bengaluru SF Expressd

Bengaluru

ബെംഗളൂരു-എറണാകുളം റൂട്ടിലെ 'ഫാസ്റ്റ് ട്രാക്ക്' യാത്ര; 11 മണിക്കൂർ, കുറഞ്ഞ സ്റ്റോപ്പുകൾ; സീറ്റ് ഉറപ്പാക്കാൻ ഈ ട്രെയിൻ

രണ്ട് നഗരങ്ങൾക്കുമിടയിലുള്ള 616 കിലോമീറ്റർ ദൂരം വെറും 11 മണിക്കൂർ 5 മിനിറ്റ് കൊണ്ടാണ് എറണാകുളം-എസ്എംവിടി ബെംഗളൂരു ത്രൈവാര സൂപ്പർഫാസ്റ്റ് ട്രെയിൻ പിന്നിടുന്നത്. വെറും 11 സ്റ്റോപ്പുകൾ മാത്രമാണ് ഈ റൂട്ടിലുള്ളത് എന്നത് യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നു.